Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിൽ അപ്പീൽ പോകണമെന്ന് അതിജീവിത ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കേരള ജനത ഒപ്പമുണ്ടെന്നും ഉടൻ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്കി. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീലിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തിൽ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കാനായി നടൻ ദിലീപും, കാവ്യയും ലോക്കർ എടുത്തെന്ന പ്രോസിക്യൂഷൻ ആരോപണം തെളിയിക്കാനാനയില്ല.
നടിയെ ആക്രമിച്ച് രണ്ട് മാസത്തിന് ശേഷം പനമ്പള്ളി നഗറിലെ ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചിൽ അക്കൗണ്ടും ലോക്കറും ദിലീപും കാവ്യ മാധവനും ചേർന്ന് എടുത്തു എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്കർ എടുത്തിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.
ഇങ്ങനെ ഒരു ലോക്കറും അക്കൗണ്ടും ഉണ്ടെങ്കിലും ലോക്കറിൽ നിന്നും അഞ്ച് രൂപയല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ വിവരം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അക്കൗണ്ട് ആരംഭിച്ചത് ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എങ്ങനെ പറയാനാകും എന്നും കോടതി ചോദിക്കുന്നു.
കൂടാതെ, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ തെളിവായി കണക്കാക്കാൻ സാധിക്കില്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്, നടൻ ദിലീപും പൾസർ സുനിയുമായി നടന്ന ഇടപാട് വളരേ രഹസ്യമായിരുന്നു എന്നാണ്. എന്നാൽ ബാലചന്ദ്ര കുമാർ നൽകിയ മൊഴിയിൽ 16-4-2017 ൽ ദിലീപിന്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടെന്നും, ദിലീപിന്റെ അനിയനോടൊപ്പം കാറിൽ സഞ്ചരിച്ചെന്നുമാണ്. അതിനാൽ പ്രോസിക്യൂഷൻ വാധവും സംവിധായകന്റെ മൊഴിയും തമ്മിൽ യോജിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷണം.
Kerala
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിച്ച ശിക്ഷ തികച്ചും അപര്യാപ്തമാണ്. 2013 ല്‍ ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം ഇന്ത്യന്‍ പീനല്‍ കോഡില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സമഗ്രമായ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്നാണ് 376 ഡി എന്ന ഒരു വകുപ്പ് എഴുതിച്ചേര്‍ത്തത്.
കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും പരാമവധി ശിക്ഷ ജീവപര്യന്തം തടവുമാക്കി മാറ്റിയത് ആ ഘട്ടത്തിലാണ്. പരമാവധി ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയെന്നു മാത്രമല്ല ഇതിന് ഒരു വിവരണംകൂടി കൊടുത്തിരുന്നു. ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ജയിലിലായിരിക്കണം എന്നായിരുന്നു അത്. കൊലക്കുറ്റത്തിനുപോലും ഈയൊരു നിര്‍വചനമല്ല. ആ ഒരു സാഹചര്യത്തില്‍ സാധാരണ കൂട്ടബലാത്സംഗ കേസല്ല നടിയെ ആക്രമിച്ച കേസെന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്നതാണ്.
ശിക്ഷ ഇതു പോരാ!
സാധാരണ കൂട്ടബലാത്സംഗ കേസാണെങ്കില്‍ സ്വാഭാവികമായും ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷം കൊടുക്കുന്നതില്‍ തെറ്റില്ല. ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വന്നപ്പോള്‍ ഇതൊരു ക്വട്ടേഷന്‍ ബലാത്സംഗമാണെന്ന് അന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞതാണ്. രാജ്യചരിത്രത്തില്‍ത്തന്നെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത അത്യപൂര്‍വ കേസുകളില്‍ ഒന്നാണിത്. മാത്രമല്ല, ഒരുപാട് സവിശേഷതകളുള്ള കേസുമാണ്.
മുഖ്യ ഗൂഢാലോചനക്കാരന്‍ വേറെയാളാണ്. ബലാത്സംഗം എന്നത് ഒരു സ്വകാര്യ കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്ന പ്രതിപോലും ഇക്കാര്യം പുറത്താരും അറിയാന്‍ പാടില്ലെന്നു നിര്ബന്ധമുള്ളയാളായിരിക്കും. അതുകൊണ്ടാണ് ബലാത്സംഗത്തെ സ്വകാര്യ കുറ്റകൃത്യമെന്നു പറയാന്‍ കാരണം.
ഗൂഢാലോചന ഉണ്ടെന്നു വ്യക്തം
ഈ കേസില്‍ പതിവിനു വിരുദ്ധമായി കൂട്ടബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു. അതിനു പ്രതിഫലം ആവശ്യപ്പെട്ടു, പ്രതിഫലം വാങ്ങി എന്നതെല്ലാം പ്രോസിക്യൂഷന് കോടതിയില്‍ തെളിവുകൾ നിരത്തി സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. കോടതിക്ക് ഇതു സ്വീകാര്യമായില്ല. അതുകൊണ്ടുതന്നെ പതിവില്‍ കവിഞ്ഞ അത്യപൂര്‍വമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. ഇതിൽ മുഖ്യമായി ഗൂഢാലോചന നടത്തിയയാളെ വെറുതെ വിട്ട വിഷയം വേറൊന്ന്. അതിനര്‍ഥം ഗൂഢാലോചന ഇല്ല എന്നല്ല. ഗൂഢാലോചന ഉണ്ട് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും ഊഹിക്കാന്‍ കഴിയുന്ന കാര്യമാണ്.
ചോദ്യങ്ങൾ ഇനിയുമുണ്ട്
ധാരാളം സ്വഭാവവിശേഷതകളുള്ള ഈ കൂട്ടബലാത്സംഗ കേസില്‍ കുറഞ്ഞ ശിക്ഷ നല്കിയതു കോടതിക്ക് തെറ്റു പറ്റിയെന്നതിനു വ്യക്തമായ തെളിവാണ്. ഇതു നല്കുന്ന സന്ദേശമെന്താണ്? ശിക്ഷ എന്നതു കുറ്റകൃത്യത്തിന് ആനുപാതികമായിരിക്കണം. 2013 ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യുന്നതിനു മുമ്പ് ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനുമെല്ലാം കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷവും പരമാവധി ശിക്ഷ പത്തു വര്‍ഷവുമായിരുന്നു. തക്കതായ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതില്‍ കുറച്ചു നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു.
2013 ല്‍ പാര്‍ലമെന്റ് കൊണ്ടുവന്ന സമഗ്രമായ ഭേദഗതി സ്ത്രീസുരക്ഷ ലക്ഷ്യം വച്ചിട്ടാണ്. ഈ ഭേദഗതിനിയമത്തിന്റെ സ്പിരിറ്റ് പാടെ അവഗണിച്ചുകൊണ്ടുള്ള വിധിയാണ് എറണാകുളം സെഷന്‍സ് കോടതിവിധിയെന്ന് പറയേണ്ടിയിരിക്കുന്നു. ഇതുപോലെ ഹീനകൃത്യം ചെയ്ത ആളുകള്‍ക്ക് കുറഞ്ഞ ശിക്ഷ നല്കുന്നതുവഴി ഒരു സാധാരണ കൂട്ടബലാത്സംഗ കേസായും ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ കുറ്റകൃത്യത്തെ ചെറുതാക്കി കാണിച്ചുവെന്ന തെറ്റായ സന്ദേശമാണു പുറത്തുവരുന്നത്.
ചോദ്യം ചെയ്യപ്പെടേണ്ട വിധി
ഈ വിധി മൊത്തം പരിശോധിച്ചാല്‍ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അപ്പീലില്‍ ഇരയ്ക്കു നീതി കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.
സാധാരണ കൊലക്കുറ്റത്തിനു ലഭിക്കുന്ന ജീവപര്യന്തം തടവിനേക്കാള്‍ വലിയ തടവാണ് ഇതിലെ ജീവപര്യന്തം തടവ്. കാരണം 376 ഡി പ്രകാരം ശേഷിക്കുന്ന ജീവിതകാലം മുഴുവനും ജയിലില്‍ കഴിയണമെന്നാണ്. മാത്രമല്ല, പിഴ വിധിക്കുമ്പോള്‍ ഇരയുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും ആവശ്യമായ സംഖ്യയ്ക്കു സമാനമായ സംഖ്യ പിഴ വിധിക്കണമെന്നാണു നിയമത്തില്‍ പറയുന്നത്. ഇക്കാര്യങ്ങളൊന്നും കോടതി പരിശോധനയ്ക്കു വിധേയമാക്കിയില്ല.
ഒരു കുറ്റകൃത്യം എന്നത് ഒരു വ്യക്തിക്കെതിരേയല്ല, സമൂഹത്തിന് എതിരേയാണ്. നാളെകളില്‍ ഇതുപോലെയുള്ള കുറ്റകൃത്യങ്ങളില്‍ ചെയ്യുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെങ്കില്‍ ശക്തമായ സന്ദേശം സമൂഹത്തിനു നല്കാന് പര്യാപ്തമായിരിക്കണം കോടതി വിധിക്കുന്ന ശിക്ഷ. അത് ഈ വിധിയിലൂടെ ഉണ്ടായില്ല എന്നതു വളരെ ദുഃഖകരമായ കാര്യമാണ്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍ക്കടക്കം ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്. പള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍നിന്നാണു കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കത്ത് പോസ്റ്റ് ചെയ്തത്.
മാസ്ക് ധരിച്ചെത്തിയ ആളാണ് ഊമക്കത്ത് അയച്ചത്. സ്പീഡ് പോസ്റ്റായി ഇയാള്‍ 33 കത്തുകള്‍ പോസ്റ്റ് ചെയ്തതായും ഇയാളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായുമാണ് സൂചന.
ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായി തനിക്കു ലഭിച്ച ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കൈമാറിയതിനു പിന്നാലെയാണ് രഹസ്യാന്വേഷണം ആരംഭിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും ഏഴാം പ്രതി ചാര്‍ളി തോമസിനെയും എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
കത്തിന്റെ പുറത്ത് ഫ്രം അഡ്രസായി രാംകുമാര്‍ എന്ന പേരായിരുന്നു. എന്നാല്‍ കത്തില്‍ ഇന്ത്യന്‍ പൗരന് എന്നാണുണ്ടായിരുന്നത്. കത്തിനു പിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപ് നല്‍കിയതടക്കമുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 18ന് പരിഗണിക്കാന്‍ മാറ്റി.
മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ക്കെതിരേയാണു കോടതിയലക്ഷ്യഹര്‍ജി.
അടച്ചിട്ട കോടതിമുറിയില്‍ നടന്ന വിചാരണനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതും പറഞ്ഞതുമായി ബന്ധപ്പെട്ടാണു ദിലീപ് ഹര്‍ജി നല്‍കിയത്.
നേരത്തേ നല്കിയ ഹര്‍ജി വിധി പ്രസ്താവത്തിനിടെ കോടതി പരിഗണിക്കുകയായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടാണ് ഹര്‍ജി 18ന് പരിഗണിക്കാനായി മാറ്റിയത്.
Kerala
കൊച്ചി: ശിക്ഷ വിധിക്കുമ്പോൾ അതിന് ആധാരമായ കുറ്റകൃത്യം ഇരയിലും സമൂഹത്തിലുമുണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.
ശിക്ഷ വിധിക്കുമ്പോൾ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായാകണം കാര്യങ്ങൾ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണം.
ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്നും സെഷൻസ് കോടതി പറഞ്ഞു.
പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികമായ ആഘാതവും നൽകി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബസാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിച്ചു. 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിർഭയ കേസിൽ (മുകേഷ് - സ്റ്റേറ്റ് ഓഫ് ഡൽഹി) സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു.
ലിംഗനീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചാണു കോടതി വിധി പ്രസ്താവം നടത്തിയത്. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നൽകേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
പ്രതികൾക്കെതിരേ തെളിഞ്ഞ കുറ്റങ്ങളും വകുപ്പുകളും
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരേ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിനു ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നു സെഷന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയതോടെ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും തിരിച്ചടി.
ദിലീപില്‍നിന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി പണം വാങ്ങിയതിനു ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു.
ജയിലില്‍നിന്ന് ഒന്നാം പ്രതി ദിലീപിനെ ഫോണ്‍ ചെയ്തുവെന്ന അന്വേഷണസംഘത്തിന്റെ വാദത്തിനു ബലം നല്കുന്ന തെളിവുകള്‍ പര്യാപ്തമല്ല. ഡിജിറ്റല്‍ രേഖകൾ ഹാജരാക്കിയതില്‍ വീഴ്ചയുണ്ട്.
ദിലീപ് ഡിജിറ്റല്‍ രേഖകളില്‍ ക്രമക്കേട് നടത്തിയെന്ന വാദവും തെളിഞ്ഞിട്ടില്ല. അതേസമയം അറസ്റ്റിലായശേഷം ദിലീപ് ഫോണ്‍ ഉപയോഗിച്ചത് എങ്ങനെയെന്ന ചോദ്യം ഉത്തരവില്‍ കോടതി ഉന്നയിക്കുന്നുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പുരോഗമിക്കുന്നു. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറഞ്ഞത്.
തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.
എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.
Kerala
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 12നു ശേഷം വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
രാവിലെ 11നാണ് കോടതി നടപടികൾ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജയിലിൽനിന്നു കോടതിയിലെത്തിച്ചിരുന്നു. എന്നാൽ, മറ്റു കേസുകൾ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിക്കുകയായിരുന്നു.
പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും.
ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.
ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും.
Kerala
തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.
ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.
ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.
Kerala
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ നേരത്തെ പുറത്തുവന്നുവെന്ന് ആരോപിക്കുന്ന ഊമക്കത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നല്കി.
ഡിസംബര്‍ രണ്ടിന് എഴുതിയതായി പറയുന്ന കത്തിലെ ഉള്ളടക്കം നീതിന്യായ സംവിധാനത്തിനോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതാണെന്നും അതിനാല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് അസോസിയേഷന് പ്രസിഡന്റിന്റെ കത്തില്‍ പറയുന്നത്.
അതിനാല്‍ കത്ത് അന്വേഷണത്തിനായി വിജിലന്‍സ് രജിസ്ട്രാര്‍ക്കോ മറ്റ് ഏതെങ്കിലും ഏജന്‍സിക്കോ കൈമാറാനും കത്തില്‍ ആവശ്യപ്പെടുന്നു. കേസിൽ വിചാരണക്കോടതി വിധി പറഞ്ഞുവെങ്കിലും വിധിപകർപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചു.
ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം. വര്‍ഗീസ് ഉത്തരവിടുകയായിരുന്നു.
ആദ്യ ആറു പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.
കൂട്ട ബലാല്‍സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കി. പിന്നീടാണ് ഈ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.
സംഘടനയില്‍ തിരിച്ചെടുക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്നു അസോസിയേഷന് പ്രസിഡന്റ് ബി.രാകേഷ്. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ മറ്റൊന്ന് ആലോചിക്കാന്‍ ഇല്ലല്ലോ. സംഘടന യോഗത്തിനുശേഷം നടപടികള്‍ വേഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജ്.
അവൾക്കൊപ്പം തുടർന്നും ഉണ്ടാകും. അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. നടി അനുഭവിച്ച പീഡനം. അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Kerala
കോടതിയില്‍നിന്നുണ്ടായത് എന്തു നീതിയെന്നാണ് നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചുപറഞ്ഞ താരം, ഇതാണോ നീതി? എന്ന ചോദ്യമുയര്‍ത്തി. ‘അവള്‍ക്കൊപ്പം എന്നെന്നും’എന്ന കുറിപ്പും പാര്‍വതി പങ്കുവച്ചിട്ടുണ്ട്.
അവള് പോരാടിയത് അവള്‍ക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകള്‍ക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരളസമൂഹത്തില്‍ സ്ത്രീകള്‍ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോടു പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു.- പാര്‍വതി കുറിച്ചു.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ എടുത്തുപറഞ്ഞശേഷം എന്താണു നീതി? ഇപ്പോള്‍ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്കു പരിസമാപ്തിവന്നത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണെന്നും പാര്‍വതി കുറിച്ചു. “നിയമം നീതിയുടെ വഴിക്കു പോകട്ടേ’’യെന്ന താരസംഘടന ‘അമ്മ’യുടെ പോസ്റ്റിനു പിന്നാലെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
അതിനിടെ, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി. അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് ‘അവള്‍ക്കൊപ്പം’ എന്നെഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എപ്പോഴും, മുമ്പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും റിമ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയിലെ സജീവസാന്നിധ്യമായിരുന്നു റിമ കല്ലിങ്കല്‍.
നേരത്തെ എഴുതിവച്ച വിധിയെന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ. അജിത, ദിലീപ് ജയിലില്‍ കിടന്നതുതന്നെ വലിയ കാര്യമെന്നും പ്രതികരിച്ചു.
അതേസമയം, നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പെന്നായിരുന്നു സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിധി വരുന്നതിനുമുമ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.
അവള് തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മനഃസാക്ഷിയില്‍ പൊളിച്ചെഴുത്തു നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്തു.
ഈ കാലയളവില്‍ ഉടനീളം നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള് കാണിച്ച ധൈര്യത്തിനും പ്രതിരോധശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും ഇത് നോക്കിക്കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്കും ഒപ്പവും നില്‍ക്കുന്നുവെന്നും ഡബ്ല്യുസിസി കുറിക്കുകയുണ്ടായി.
Kerala
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ വിധിവന്നതിനു പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് പി.പി.ദിവ്യ. അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണ നൽകുന്നു. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേയെന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്.
നിയമപോരാട്ടം അവസാനിപ്പിക്കരുത്. സത്യം വിജയിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും ദിവ്യ പറഞ്ഞു. അതേസമയം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്‍. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് 2017 ൽ തന്നെ താൻ പറഞ്ഞിരുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനുശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ചോദിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്.
അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘവും. ഓപ്പൺ മൈൻഡോടുകൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നുവെന്ന കേസ്.
പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം. ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവരാണ് പ്രതികൾ എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ് അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുതെന്നും സെൻകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യം തെളിഞ്ഞുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജ. ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നുവെന്നും ഷൈലജ വ്യക്തമാക്കി.
അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.കെ. ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.
എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.
കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.
Kerala
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ നിയമപോരാട്ടങ്ങൾ ഇന്നത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. അതിജീവത ഉയർത്തിയ സത്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പതാക ഇനി ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ സ്ത്രീ-പുരുഷന്മാർ രംഗത്തുവരും.
അതിജീവതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും നിലകൊള്ളുക. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെങ്കിൽ അവർക്ക് ശക്തിപകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി കഴിഞ്ഞു. ഈ നിയമ പോരാട്ടത്തിലൂടെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് കേരള ജനത വിശ്വസിക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥകളിലേക്ക് വിരൽചൂണ്ടാൻ അതിജീവിതയുടെ പോരാട്ടത്തിലൂടെ കഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.
ഒന്നാം പ്രതി സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി.
ഏഴാം പ്രതി ചാർളി തോമസ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത്.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ 10 പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വളരെ നേരത്തെ എഴുതിവച്ച വിധിയാണ്. നാലുവർഷം മുമ്പ് ഞാൻ പറഞ്ഞതു തന്നെയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒരു വിധി പറയുമോ എന്ന് സംശയം തോന്നിയിരുന്നു. ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധി എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അതിജീവിതയും നീതി നിഷേധത്തിന്റെ ഷോക്കിലാണ്. മരണം വരെ അവൾക്ക് ഒപ്പമാണ്. ഇനി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണ്. അടുത്ത ദിവസം അതിജീവിത തന്നെ അത് പറയുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വച്ചാണ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പ്രതികരിച്ചത്.
Kerala
കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്.
നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി. അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്.
2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു.
തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ദിലീപിന്റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇതു മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷിചേര്ന്നുള്ള ഇടപെടലുമുണ്ടായി. ഇത്തരത്തിൽ ആകെ 90ഓളം ഹര്‍ജികളാണു വിചാരണവേളയിൽ ദിലീപ് നല്‍കിയത്.
Kerala
കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.
ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീടിന്റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.
ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.
സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.
സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.
Kerala
കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.
Kerala
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളെ ജയിലിലേക്ക് മാറ്റും. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവർക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
അതേസമയം, കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറഞ്ഞത്. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് കോടതിയിലെത്തി. കോടതി നടപടികൾ 11ന് ആരംഭിക്കും.
അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.
ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഗൂഡാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്.
ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പുവെന്നും അന്വേഷണസംഘം കണ്ടെത്തി. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്.
സിനിമ മേഖലയിൽ ദിലീപിനെതിരെ സംസാരിച്ചവരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഗ്രൂപ്പിൽ ആഡ് ചെയ്തു. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതീഷ് കുറുപ്പ് പ്രതികരിച്ചു.
എന്നാൽ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപിന്റെ നിലപാട്. കേസിൽ തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.
ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് പീഡനത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്റെ വാദം.
Kerala
കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയും. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന് ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.
പൾസർ സുനിയെ പിടികൂടിയതിന് പിന്നാലെ 2017 ജൂലൈ 10ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2018 ജൂണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തു.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. കേസിന്റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും.
2017 ഫെബ്രുവരി 17ന് യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
Kerala
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്.
പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. അന്തിമവാദം പൂർത്തിയായ കേസിന്റെ വിധി പറയുന്ന തിയതി കോടതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക.
Kerala
കൊച്ചി. നടന് ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന തീയതി ഈ മാസം 20ന് കോടതി തീരുമാനിച്ചേക്കും.
വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടിക്രമങ്ങള്‍ ഇന്നലെയും പൂര്‍ത്തിയായില്ല. കേസ് 20ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നഗ്നവീഡിയോ പകര്‍ത്തിയെന്നാണു കേസ് .
കേസില്‍ നടന് ദിലീപ് എട്ടാം പ്രതിയാണ്. 2018 മാര്‍ച്ച് എട്ടിനാണ് കേസിന്റെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജി രഹസ്യവിചാരണയാണു നടത്തുന്നത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി.
കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. നിലവിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. അടുത്തമാസം ആദ്യം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി. ഒൻപത് പേരാണ് കേസിൽ പ്രതികൾ.
Kerala
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന് വാദമാണ് നിലവില്‍ തുടരുന്നത്.
ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിന്റെ വാദവും കോടതിയില്‍ നടക്കും. വിചാരണ അന്തിമ ഘട്ടത്തിലായതിനാല്‍ ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ.
കേസില്‍ നടന് ദിലീപ് അടക്കമുള്ളവരാണ് പ്രതികള്‍. 2017 ലാണ് നടി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ അപമാനിതയായത്. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.